മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ സമവായ സാധ്യതയെന്ന സൂചന നല്‍കി നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങള്‍ പറയാനായിരുന്നു വാര്‍ത്താസമ്മേളനം എന്നും എന്നാല്‍ ആ കാര്യം ഇപ്പോള്‍ പറയുന്നില്ല എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്റെ ഇടപെടലാണ് അന്‍വറിനെ കുറച്ച് കൂടി കാത്തിരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വറിനെ അനുനയിപ്പിക്കണമെന്ന ആവശ്യമാണ് സണ്ണി ജോസഫ് മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെ സുധാകരന്‍ അന്‍വറുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും അന്‍വറിനെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു.