ന്യൂഡല്‍ഹി: മുകേഷ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഎം ഔദ്യോഗിക വെബ്സൈറ്റിലെ ലേഖനത്തിലാണ് ബൃന്ദയുടെ പരാമര്‍ശം.
യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്ന ലേഖനത്തിലാണ് ബൃന്ദയുടെ വിമര്‍ശനം.

ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ അഭിനന്ദിക്കുന്നു. സിനിമാ മേഖലയെ ചൂഷണങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, അതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ നടപടിയാണെന്ന് ബൃന്ദ സൂചിപ്പിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇതിനെതിരായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എം.എല്‍.എമാരെ സംരക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

രാജ്യത്ത് മലയാള സിനിമയില്‍ മാത്രമാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലൊരു സംഘടനയുണ്ടായത്. അവര്‍ സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഹേമ കമ്മിറ്റി രുപീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും ബൃന്ദകാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *