വയനാട് പുനരധിവാസത്തിന് സർക്കാർ രണ്ടു ടൗൺഷിപ്പ് നിർമ്മിക്കും. ഇതിനായി സർക്കാർ രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായാണ് സ്ഥലം കണ്ടെത്തിയത്. മേപ്പാടി പഞ്ചായത്തിൽ നെടുമ്പോല എസ്റ്റേറ്റിലും കല്പറ്റ മുനിസിപ്പാലിറ്റിയിൽ എൽസ്റ്റോൺ എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പ് നിർമ്മിക്കുക. ചീഫ് സെക്രട്ടറി സ്ഥലം പരിശോധനാ നടപടികൾക്ക് നിർദേശം നൽകി.അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും.വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും.തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും.വാടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും. സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്‌പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്.അതേസമയം മുണ്ടക്കൈ- ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്തം നടന്ന് ഒരു മാസമാകുമ്പോഴും സർക്കാരിൻറെ അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി ഉയരുന്നു. പ്രായമായവരുൾപ്പെടെ വീടുകളിൽ ഉള്ളതിനാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.ഉരുൾ പൊട്ടൽ മൂലം സർവ്വവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10,000 രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നൽകുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ്‌ രൂപ വീതവും നൽകുന്നുണ്ട്. എന്നാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവർക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. അർഹരായ നിരവധി പേർ സഹായം ലഭിക്കാതെ ഇപ്പോഴും പുറത്താണെന്നും ഏകോപന കമ്മിറ്റി രൂപീകരിച്ച് സർക്കാർ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ടി. സിദ്ധീഖ് എംഎൽ എ ആവശ്യപ്പെട്ടു.സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

Leave a Reply

Your email address will not be published. Required fields are marked *