തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂല്യനിര്‍ണയത്തില്‍ പിഴവെന്ന് പരാതി. പരീക്ഷാഫലം വന്നപ്പോള്‍ 74 വിദ്യാര്‍ഥികളില്‍ 46 പേരും പരാജയപ്പെട്ടെന്നും, വിദഗ്ധരായ അധ്യാപകര്‍ പരിശോധിച്ചപ്പോള്‍ പലരുടെയും മാര്‍ക്ക് മൂന്നിരട്ടിയായി വര്‍ധിച്ചെന്നും ആരോപണമുണ്ട്. വി സി ഡോക്ടര്‍ സിസ തോമസിന് പരാതി നല്‍കി അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് വിദ്യാര്‍ഥികള്‍.

2026 ഏപ്രില്‍ നടന്ന ഫോര്‍ത്ത് സെമസ്റ്റര്‍ പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സെന്ന പേപ്പറിന്റെ മൂല്യനിര്‍ണയത്തില്‍ പിഴവ് എന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ 74 വിദ്യാര്‍ഥികളില്‍ 46 പേരും പരാജയപ്പെട്ടു.

ഉത്തരപേപ്പറിന്റെ കോപ്പി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മൂല്യനിര്‍ണയത്തില്‍ ഉണ്ടായ ഗുരുതര പിഴവ് വ്യക്തമാകുന്നത്. 11 മാര്‍ക്ക് മാത്രം നേടി പരാജയപ്പെട്ട വിദ്യാര്‍ഥിക്ക് അര്‍ഹതയുള്ളത് മുപ്പത്തിയാറര മാര്‍ക്കിന് എന്നാണ് വ്യക്തമായത്.

നിലവില്‍ ഇതേ പേപ്പറിന്റെ പുനര്‍മൂല്യനിര്‍ണയമോ, സപ്ലിമെന്ററി പരീക്ഷയോ നടന്നിട്ടില്ല. റീവാലുവേഷന്‍ ഫലം വരുക സപ്ലിമെന്ററി പരീക്ഷക്ക് ശേഷമാണ്. വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് ഇതിനെല്ലമായി സര്‍വകലാശാലയ്ക്ക് നല്‍കണമെന്നതും പ്രതിസന്ധിയാണ്. ഇടപെടല്‍ ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല വി സി ഡോക്ടര്‍ സിസ തോമസിന് പരാതി നല്‍കിയിരിക്കുകയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *