കുന്ദമംഗലം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നടപടികളിൽ പ്രതിഷേധിച്ച്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഉറപ്പാക്കുന്നതായിരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും അതിനാൽ വിവാദ നടപടികളിൽ വ്യക്തമായ വിശദീകരണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കുന്ദമംഗലം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെൽഫെയർ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് ഇ. പി. ഉമർ, സെക്രട്ടറി അൻഷാദ് മണക്കടവ്, ടി. പി. ഷാഹുൽ ഹമീദ്, ഫാസിൽ, മുസ്ലിഹ്, അഷ്‌റഫ് വെള്ളിപറമ്പ്, ഷരീഫ്, അമീൻ, ഹമീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *