തിരുവനന്തപുരം: മമ്മൂട്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തെ തള്ളി സിപിഐഎം. സൈബര്‍ ആക്രമണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി, മമ്മൂട്ടിയെ പോലുള്ളവരെ കാണാന്‍ പോവുകയാണ്. അഭിപ്രായവ്യത്യാസം ഉള്ളവരെ പോലും കാണണമെന്നാണ് പാര്‍ട്ടി നിലപാട്. എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതാക്കളെ മമ്മൂട്ടി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ വേണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും ക്രിയാത്മക വിമര്‍ശനമാണ് ആവശ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണെന്നും കലാകാരന്‍ എന്ന രീതിയില്‍ മമ്മൂട്ടിക്കുള്ള അംംഗീകാരം വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ടാകും. വിമര്‍ശനങ്ങളെല്ലാം ഇടതുപക്ഷത്തിനെതിരായി, ഞങ്ങള്‍ക്കെതിരായെല്ലാം എപ്പോഴും നടത്താറുണ്ട്. ആ നടത്തുന്ന വിമര്‍ശനങ്ങളെല്ലാം ഞങ്ങള്‍ ക്രിയാത്മകമായിട്ടാണ് കാണുക. അങ്ങനെയാണ് കാണേണ്ടത്. യോജിപ്പുള്ളവരും യോജിപ്പില്ലാത്തവരുമായിട്ടുള്ള പതിനായിരക്കണക്കിന് ആളുകളുമായി നല്ല രീതിയിലുള്ള സംവേദനം വേണം എന്ന് നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി – യുവജന സംഘടനകള്‍ക്ക് ഇപ്പോഴാണെങ്കില്‍ നല്ല രീതിയിലുള്ള അംഗീകാരം ഇന്ത്യയിലുടനീളം നേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭവുമാണ്. ആ അര്‍ഥത്തില്‍ അവരെ കാണാനും ചര്‍ച്ച ചെയ്യാനും മമ്മൂട്ടി തയാറായാല്‍ കാണേണ്ടതില്ല, ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കേണ്ടതില്ല. മമ്മൂട്ടി ഉള്‍പ്പടെ എല്ലാവരുമായി എല്ലാവരുമായും നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയണം എന്നാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഒരു വളഞ്ഞിട്ടാക്രമണത്തിനും ഞങ്ങളില്ല. സിപിഐഎമ്മിന് അങ്ങനെയൊരു താത്പര്യവുമില്ല – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *