അവതാർ 2 കേരളത്തിൽ റിലീസ് ചെയ്യില്ല; നിലപാട് കടുപ്പിച്ച് ഫിയോക്

0

കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം.

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.

2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും കളക്ഷൻ (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്. ലൈറ്റ്‌സ്റ്റോം എന്റർടൈൻമെന്റ്‌സിന്റെ ജോൺ ലാൻഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 2000 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here