ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന് ദേവനാരായണനാണ് മരിച്ചത്.
നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. ഡോക്ടര്‍മാര്‍ ഗുരുതര അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിച്ചു. ഇന്നലെയാണ് പേവിഷ ബാധിച്ച എട്ടു വയസുകാരന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ചത്. പേവിഷബാധ മൂര്‍ച്ഛിച്ചായിരുന്നു മരണം.
ഏപ്രില്‍ 21നാണ് കുട്ടിക്ക് നായയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവിനുള്ള മരുന്ന് വച്ച് വിട്ടയച്ചെന്ന് കുടുംബം പറയുന്നു. കുറച്ചുദിവസത്തിനു ശേഷം കുട്ടിക്ക് ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ ഉണ്ടാവുകയും ഇന്നലെ മരിക്കുകയുമായിരുന്നു.
എന്നാല്‍ നായ ആക്രമിച്ചെന്ന കാര്യം കുടുംബം പറഞ്ഞിട്ടില്ലെന്നും വീണു പരിക്കേറ്റു എന്നാണ് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.
