
നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ആരും അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും പിണറായിസത്തിനെതിരെ പോരാടുന്ന അൻവർ യുഡിഎഫിനൊപ്പം സഹകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.
പിണറായി വിജയന്റെ ഒൻപത് വർഷത്തെ ഭരണം, ഇതൊന്നും ചർച്ച ചെയ്യാതെ ഒരു വ്യക്തിയെ മാത്രം ശ്രദ്ധിച്ചാൽ ശരിയാകില്ല. അൻവറിന് എപ്പോൾവേണമെങ്കിലും പുനഃപരിശോധിക്കാം. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് കടന്നുവരാം. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ നിവൃത്തിയില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആരും വാതിൽ കൊട്ടിയടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തൃണമൂൽ പാർട്ടിയുമായി വരുന്നതുകൊണ്ട് അൻവറിനെ സ്ഥിരാംഗമാക്കി മാറ്റാൻ പ്രയാസമാണ്. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും യുഡിഎഫിനെ വിമർശിക്കുന്നതിൽ അർത്ഥമെന്താണ് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവ് മാത്രമല്ല അൻവറിൻ്റെ കാര്യത്തിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂർ ജയിച്ചേ പറ്റൂ. ഞങ്ങൾ മുന്നോട്ടുനീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.