കുന്ദമംഗലം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ മലപ്പുറം വണ്ടൂര്‍ സ്വദേശി പടവെട്ടി വീട്ടില്‍ അരുണ്‍ (22) നെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളും നൈജീരിയന്‍ സ്വദേശിയും ഉള്‍പ്പെടെ ഒമ്പത് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസിലെ ആറാം പ്രതിയായ അരുണ്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാന്‍സാനിയന്‍ സ്വദേശികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത് പ്രതിയുടെ അക്കൌണ്ട് മുഖേനയാണെന്ന് കണ്ടെത്തുകയും സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കുന്ദമംഗലത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുന്ദമംഗലം എസ്.എച്ച്.ഒ കിരണ്‍, എസ്.ഐ നിധിന്‍, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തിന് അന്വേഷണചുമതല നല്‍കുകയായിരുന്നു.
ഈ കേസിലെ നാലാം പ്രതിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പനക്കാരായ കര്‍ണ്ണാടക മംഗലാപുരം സ്വദേശി ഇംറാന്‍ എന്ന അംസാദ് ഇത്യാര്‍ (ഇര്‍ഷാദ്-30) നെ അന്വേഷണ സംഘം കര്‍ണ്ണാടകയിലെ ഹസനില്‍നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.