81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നാണ് സൂചന. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാ ബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ചോർന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയില്‍ പെടുത്തിയത്. ആധാര്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഹാക്കര്‍ നല്‍കുന്ന വിവരങ്ങള്‍. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോർന്നതായി സ്ക്രീൻ ഷോട്ടുകളിൽ വ്യക്തമാണ്.സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിനെ കുറിച്ച് പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അവയുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തിയെന്നാണ് സൂചന. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയും ഡാറ്റ ചോര്‍ച്ചയെ കുറിച്ച് ഐസിഎംആറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലുണ്ട്. ഇതില്‍ എവിടെ നിന്നാണ് ഡാറ്റാ ചോര്‍ച്ചയുണ്ടായതെന്ന് വ്യക്തമല്ല. ആദ്യമായല്ല, ഇത്തരം ഡാറ്റാ ചോര്‍ച്ചയുണ്ടാകുന്നത്. ഈ വര്‍ഷമാദ്യം ഹാക്കര്‍മാര്‍ ഡല്‍ഹി എയിംസിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്യുകയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ടിബിയില്‍ അധികം ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഡാറ്റകള്‍ ഹാക്ക് ചെയ്ത ചൈനീസ് സ്വദേശികള്‍ 200 കോടി രൂപ ക്രിപ്റ്റോ കറന്‍സിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *