കൊച്ചി: സിപിഎം നേതാവായ എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില്‍ നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൂപ്രണ്ടിനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ്ങ് നടത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്.
ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
