ഒളിമ്പിക് ഹോക്കിയില്‍ 41 വര്‍ഷത്തിനു ശേഷം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. ഇതൊന്നും ഒരുപാട് ചിന്തിച്ച് ചെയ്യേണ്ട കാര്യമല്ലെന്നും അഞ്ജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

മെഡല്‍ നേടി വരുന്ന കായിക താരങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പുറകിലാണെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തിലൊക്കെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ എന്നാണ് എന്റെ ചോദ്യം. ഒളിംപിക്‌സ് മെഡല്‍ കിട്ടുമ്പോള്‍ തന്നെ ഇതൊക്കെ തീരുമാനിക്കേണ്ട കാര്യമേയുള്ളു. ഇതൊന്നും ഒത്തിരി ചിന്തിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല. ശ്രീജേഷിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വരണം. മറ്റു സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നമ്മളെക്കാളും മുന്നിലാണ്.

സ്‌പോര്‍ട്‌സ് താരങ്ങളെ ഉണ്ടാക്കുന്നതില്‍ കേരളം മുന്നില്‍ തന്നെയാണ്. എന്നാല്‍ ജോലിയുടെ കാര്യത്തിലാണെങ്കിലും, അല്ലെങ്കില്‍ മെഡല്‍ കിട്ടി വരുമ്പോള്‍ അവരെ പരിഗണിക്കേണ്ട കാര്യത്തിലാണെങ്കിലും ചെറിയൊരു സ്റ്റെപ് പുറകിലാണ് നമ്മള്‍ ഇപ്പോഴും ഉള്ളത്. അത് എന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴും അതിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല,’ അഞ്ജു പറഞ്ഞു.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെതിരെ എം.എല്‍.എ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിട്ടും ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരമാണ് എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *