ലഖ്നോ: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേര്‍ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാല്‍ അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേര്‍. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവര്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സമരക്കാര്‍ക്കിടയില്‍നിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സര്‍വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിര്‍ത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സര്‍വേക്ക് നിര്‍ദേശം നല്‍കിയത്.
