അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു പിന്നാലെ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താനുള്ള നീക്കം ആരംഭിച്ച് താലിബാന്‍. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.
കാബൂളില്‍ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദൗത്യത്തില്‍ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേര്‍ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.