തട്ടിപ്പും,കവര്‍ച്ചയും, മോഷണവും പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പൂവാട്ട്പറമ്പ് പ്രശാന്ത് (40) എന്ന പിത്തം പ്രശാന്തിനെയാണ് DCP അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിജീഷും സംഘവും ചേര്‍ന്ന് പിടി കൂടിയത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബരബൈക്കില്‍ കറങ്ങവേയാണ് പോലീസിന്റെ വലയിലായത്. ഇതോടെ മെഡിക്കല്‍കോളേജ്, നടക്കാവ്, കൊയിലാണ്ടി, തലശ്ശേരി, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകള്‍ക്ക് തുമ്പുണ്ടായി. മദ്യത്തിന് അടിമയായ പ്രതി ആഢംഭരജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറില്‍ നിന്നും,ഹോട്ടലില്‍ നിന്നും,ബസ് സ്റ്റാന്റില്‍ നിന്നും മറ്റും പരിചയംനടിച്ച് ആളുകളെ പ്രത്യേകിച്ച് വയോധികരെയും, അതിഥി തൊഴിലാളികളെയും കൂട്ടികൊണ്ടുപോയി പണവും മൊബൈലും കവരുന്നതാണ് രീതി. വിവിധ ജില്ലകളിലും,തമിഴ്‌നാട്ടിലും കേസുള്ള പിത്തംപ്രശാന്ത് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മാര്‍ച്ചിലാണ് പുറത്തിറങ്ങുന്നത്.
അതിന് ശേഷം തലേശ്ശേരിയിലും കണ്ണൂരിലും കറങ്ങി നടന്ന് പല രീതിയിലും തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നു. തലശ്ശേരിയില്‍ വയോധികനായ ഓട്ടോ ഡ്രൈവറോട് മോട്ടോര്‍ മെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് സ്വര്‍ണ്ണ മോതിരമാണ് കവര്‍ന്നത്. കണ്ണൂരില്‍ അതിഥി തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോയി അവരുടെ പണവും മൊബൈലും കവര്‍ന്നു കടന്നു കളഞ്ഞു.പിന്നീട് കോഴിക്കോടും കൊയിലാണ്ടിയിലേക്കുംതാവളം മാറ്റുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് പരിചയപ്പെട്ട യുവാവിന്റെ ആഢംബര ബൈക്ക് കബളിപ്പിച്ച് മോഷ്ടിച്ചു കൊണ്ടു പോയി മെഡിക്കല്‍ കോളേജ് ഭാഗത്ത് അതിഥിതൊഴിലാളികളുടെ മൊബൈലും പണവും കവര്‍ന്നു.പിന്നീട് ബസ്സ്‌റ്റോപ്പില്‍ വെച്ച് പരിചയപ്പെട്ട വയോധികനെ ജ്യൂസ് വാങ്ങിനല്‍കി പരിചയം നടിച്ച് വീട്ടിലേക്കാക്കി തരാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ട് മൊബൈലും പണവും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.നിരവധി CCTV ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് സിറ്റി ക്രൈം സ്‌ക്വാഡ് പ്രതിയിലേക്ക് എത്തുന്നത്.
കോഴിക്കോട് സിറ്റിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ട്. കൂടാതെ മലപ്പുറം,പാലക്കാട്, കണ്ണൂര്‍ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലും കേസുണ്ട്. കൂടുതല്‍ അമ്പേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും, കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉമേഷ് അറിയിച്ചു.
അന്വേഷണ സംഘത്തില്‍ മെഡിക്കല്‍ കോളേജ് SI സുനില്‍കുമാര്‍ കെ.സി സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍കുന്നുമ്മല്‍ ,ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂര്‍, ഷഹീര്‍ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരാണുണ്ടായിരുന്നത്.
