മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയിലാണ് നടപടി.കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നായിരുന്നു കെയുഡബ്ല്യൂജെയുടെ പരാതി.
വാട്ട്സ്ആപ്പിലൂടെ അശ്ലീലച്ചുവയുള്ള ചിത്രങ്ങളാണ്, മാധ്യമ പ്രവര്‍ത്തകയ്ക്ക് പ്രശാന്ത് മറുപടിയായി നല്‍കിയത്.
സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ലെന്നും അധികാരികളോടു പരാതിപ്പെടുമെന്നും അറിയിച്ചപ്പോള്‍ വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി എന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
