പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ച കേസില്‍ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വിദ്യധരനാണ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് ബിന്ദു പറഞ്ഞു.
രാവിലെ 10 മണിയോടെ നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് സംഘം ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ പറഞ്ഞ നിലവില്‍ സസ് പെന്‍ഷനിലുള്ള എസ് ഐ എസ് ജി പ്രസാദ്, എ എസ് ഐ പ്രസന്നനന്‍ എന്നിവര്‍ക്കെതിരെ ബിന്ദു മൊഴി നല്‍കി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചുവെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവിനെതിരെ മോഷണ പരാതി നല്‍കിയ വീട്ടുടമയില്‍ നിന്നും മൊഴി ശേഖരിക്കും. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയത്.
