തിരുവനന്തപുരം: മുന്നണി രാഷ്ട്രീയത്തിൽ തങ്ങൾ നേരിടുന്ന അവഗണനക്കെതിരെ രൂക്ഷവിമർശനവുമായി കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖർ. കഴിഞ്ഞ 11 വർഷമായി എൻഡിഎയുടെ ഭാഗമായി നിന്നിട്ടും തനിക്ക് ‘ചായയും വടയും’ മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. ഘടകകക്ഷികൾ വളരുന്നത് ബിജെപിയിലെ ചിലർക്ക് താല്പര്യമില്ലെന്നും ചിറ്റമ്മ നയമാണ് തങ്ങളോട് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിജെപിയുടെ പിന്തുണ ലഭിച്ചില്ലെന്നും, രാജീവ് ചന്ദ്രശേഖർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യുഡിഎഫ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖർ ആരോപിച്ചു. മുന്നണി പ്രവേശനത്തിനായി താൻ അപേക്ഷ നൽകിയിട്ടില്ലെന്നും, യുഡിഎഫ് വാതിൽ പൂട്ടിയെങ്കിൽ അതിന്റെ താക്കോൽ അവരുടെ കൈവശം തന്നെ ഇരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും യുഡിഎഫ് അത് ലംഘിച്ചു. തങ്ങളോട് അയിത്തം കാണിക്കുന്നവരോട് ഇരന്നുചെല്ലാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുമ്പ് ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിച്ച കാര്യവും ഓർമ്മിപ്പിച്ചു. തങ്ങൾക്ക് ആരോടും രാഷ്ട്രീയമായ അയിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആകെ ആറ് സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടിയുടെ തീരുമാനം. അവഗണന തുടരുകയാണെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനും തങ്ങൾ മടിക്കില്ല. ജയിക്കാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ തോൽപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. നിലവിൽ യുഡിഎഫ് നേതാക്കൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കുമെന്നും എന്നാൽ ആരുടെയും മുന്നിൽ കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
