അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽ വൺ ആപ്പ് ഉപയോഗിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകി ഇന്ത്യൻ റെയിൽവേ. ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിച്ച് റെയിൽ വൺ വഴി ജനറൽ ടിക്കറ്റ് എടുക്കുന്നവർക്ക് തുകയുടെ 3% വരെ ഇളവാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ആനുകൂല്യം 2026 ജൂലൈ 14 വരെ ലഭ്യമാകും.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി ഇപ്പോൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3 ശതമാനം ഇളവാണ് ഇപ്പോൾ നൽകുന്നത്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് മുതലാ രീതിയിൽ ഡിജിറ്റൽ പേയ്മെന്റ് ചെയ്യുമ്പോഴാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.
കൂടുതൽ ആളുകൾ റെയിൽ വൺ വഴി ടിക്കറ്റ് എടുക്കുന്നതോടെ ടിക്കറ്റ് എടുക്കുന്നതിനുള്ള റെയിൽവേ സ്റ്റേഷനിലെ നീണ്ട നിരയ്ക്കും ശമനമുണ്ടാകും. റെയിൽവേയുടുെ നിരവധി സർവീസുകൾ ഒറ്റ ആപ്പിൽ കൊണ്ടുവന്ന ഇന്ത്യൻ റെയിൽ വേയുടെ ആപ്പാണ് റെയിൽ വൺ.
റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും. തത്സമയം ട്രെയിൻ എവിടെ എത്തി എന്ന് അറിയാനും ആപ്പ് വഴി സാധിക്കും. പിഎൻആർ അപ്ഡേറ്റുകൾ, യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും ആപ്പ് ഉപോഗിച്ച് സാധ്യമാകും.
റെയിൽവേയുടെ പണ്ടുണ്ടായിരുന്ന ആപ്പുകളായ റെയിൽ കണക്ട്, എൻടിഇഎസ്, യുടിഎസ് ഓൺ മൊബൈൽ, റെയിൽ മദദ് മുതലായ ആപ്പുകളെ സംയോജിപ്പിച്ചാണ് റെയിൽ വൺ അവതരിപ്പിച്ചിരിക്കുന്നത്.
