കൊച്ചി: കേരളാ തീരത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ മൂന്ന് കപ്പലിലെ ജീവനക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി. കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്‌സാണ്ടര്‍ അടക്കമുള്ളവര്‍ക്കാണ് അനുമതി.

സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ട് അടക്കം മടക്കി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റഷ്യ, യുക്രൈന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളെ ഒരു വര്‍ഷമായി നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് അറബിക്കടലില്‍ കേരളാ തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്‌നറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. തുടര്‍ന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞ 59.6 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്തത്. തുടര്‍ന്ന് എല്‍സ 3 കപ്പല്‍ അപകടത്തെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *