ഒഡീഷ സർക്കാർ കിൻ്റർഗാർട്ടൻ (KG) മുതൽ ബിരുദാനന്തര ബിരുദം (PG) വരെയുള്ള വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ഈ സൗകര്യം ലഭ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഈ ചരിത്രപരമായ തീരുമാനം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.

രാജ്യത്ത് തന്നെ ആദ്യമായാണ് അംഗൻവാടി മുതൽ പിജി വരെയുള്ള വിദ്യാഭ്യാസം ഇത്രയും വിപുലമായി സൗജന്യമാക്കുന്നതെന്ന് ഒഡീഷ സർക്കാർ അവകാശപ്പെടുന്നു. സർക്കാർ അധികാരമേറ്റതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും പെൺകുട്ടികൾക്കും തുടർവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അനാഥരായ കുട്ടികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കുന്ന ‘ഗ്രീൻ പാസേജ് സ്കീം’ ഒഡീഷയിൽ നേരത്തെ തന്നെ നിലവിലുണ്ട്. ഇതിനു പുറമെയാണ് പുതിയ വിദ്യാഭ്യാസ പരിഷ്കാരം. വിദ്യാഭ്യാസ മേഖലയിൽ ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ തലസ്ഥാനമാക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി, നാല് പുതിയ സർവകലാശാലകളും ഗ്രാമപ്രദേശങ്ങളിൽ 18 പുതിയ സർക്കാർ കോളേജുകളും സർക്കാർ തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *