കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റ് എ.പി. അബ്ദുല്ലകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പുതുതായി ചുമതലയേറ്റ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്ത് അലിയെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
സന്ദർശന വേളയിൽ കോഴിക്കോട് നഗരത്തിന്റെ നിലവിലെ സാഹചര്യങ്ങൾ, വ്യാപാര-വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗതാഗതക്കുരുക്ക്, ലഹരിമരുന്ന് വ്യാപനം, പൊതുസുരക്ഷ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചേംബർ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം ആശങ്കാജനകമാണെന്നും ഇതിനെതിരെ പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സംയുക്ത ഇടപെടൽ അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
വ്യാപാര-വ്യവസായ രംഗത്തിന് സുരക്ഷിതവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പോലീസ്-വ്യാപാര സമൂഹ സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും കോഴിക്കോട് നിക്ഷേപകർക്കും സംരംഭകർക്കും അനുകൂലമായ നഗരമായി വളരണമെന്നും ചേംബർ ആവശ്യപ്പെട്ടു.
സമൂഹവും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി കമ്മ്യൂണിറ്റി പോലീസിംഗ് പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും പൊതുജന പങ്കാളിത്തത്തോടെ സുരക്ഷിതവും സമാധാനപരവുമായ നഗരമായി കോഴിക്കോടിനെ വികസിപ്പിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
നഗരത്തിലെ നിയമ-സമാധാന പരിപാലനത്തിനും ജനസൗഹൃദ പോലീസിംഗ് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്ത് അലി ഉറപ്പുനൽകി.
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് എ.പി. അബ്ദുല്ലകുട്ടി, ഡോ. മൊയ്തു, സുബൈർ കൊളക്കാടൻ, എം. മുസമ്മിൽ, സി. ചാക്കുണ്ണി, ബോബിഷ് കുന്നത്ത്, അർഷാദ് ആദിരാജ്, ആസിഫ് പി.എ. എന്നിവർ സന്ദർശന സംഘത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *