കാരന്തൂര്‍: മര്‍കസ് ഐ.ടി.ഐ മെക്കാനിക് ഡീസല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മുഴുവന്‍ 55 വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്റ് ലഭിച്ചു.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജേര്‍ണലിസ്റ്റ് & മീഡിയ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സിബ്ഗത്തുള്ള എം മുഖ്യാതിഥിയായി.
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മര്‍കസിനുള്ള അംഗീകാരവും മികച്ച പരിശീലനവും തൊഴില്‍സാധ്യത ഉറപ്പാക്കുന്ന പ്ലേസ്മെന്റ് സംവിധാനവുമാണ് വിദ്യാര്‍ത്ഥികളെ മര്‍കസ് ഐ.ടി.ഐയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
ഓട്ടോമൊബൈല്‍ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ പോപ്പുലര്‍ മെഗാ മോട്ടോര്‍സ്, ബ്ലൂ മൗണ്ടൈന്‍ റോയല്‍ എന്‍ഫീല്‍ഡ്, പി.എസ്.എന്‍ ഓട്ടോമോട്ടീവ്ഐച്ചര്, ആപ്കോ സുസുക്കി, സി.പി. സുസുക്കി, ഫോഴ്സ് മോട്ടോര്‍സ്, എസ്.എം.എല്‍ മഹീന്ദ്ര, വെസ്പ, മലബാര്‍ മോട്ടോര്‍സ്, ടാറ്റാ മോട്ടോര്‍സ്, പനാമ മോട്ടോര്‍സ് എന്നിവയുള്‍പ്പെടെ പത്തിലധികം കമ്പനികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.
അബ്ദുല്‍ അസീസ് സഖാഫി, ഇബ്രാഹിം, ദിപിന്‍ലാല്‍, ഷമീര്‍ പി.കെ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന് കുട്ടി സ്വാഗതവും പ്ലേസ്മെന്റ് ഓഫീസര്‍ ഇറാഷ് വി.കെ നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവന്‍ 55 വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കമ്പനികളില്‍ നിയമനാവസരം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
