പത്തനംതിട്ട: കൂടല്‍ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസില്‍ സിഐക്ക് എതിരെ നടപടി. കൂടല്‍ എസ്‌ഐ ജയ്‌മോനെയാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. കേസില്‍ പൊലീസിനെതിരെ കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്‌ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയിരുന്നു.

സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കേസില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് വിട്ടയക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റുകയായിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *