കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകന്‍ ജോസഫിന്‍ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി.

ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവിയും മകന്‍ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായരും മരിച്ചു.

പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. തൂമ്പാക്കുളം ജങ്ഷനില്‍ ചെളിയും മരങ്ങളും വന്നടിഞ്ഞ നിലയിലാണ്. പമ്പയാറ്റില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സീതത്തോട് വീടുകളില്‍ വെള്ളം കയറി.

തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും 11 മണിക്ക് 20 സെന്റീമീറ്റര്‍ വീതം കൂടി ഉയര്‍ത്തും. രാവിലെ 80 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.

മലപ്പുറം ചേലേമ്പ്ര ചേലുപാടത്ത് വീടുകളില്‍ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ചേലുപാടം ഇടിമുഴിക്കല്‍ റോഡ് വെള്ളത്തിലായി. ശക്തമായ മഴ തുടര്‍ന്നതോടെ ദേശീയപാതയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് വെള്ളം കയറാന്‍ കാരണം. ഈറ്റുപേട്ട ടൗണും വീടുകളും കടകളും പാലങ്ങളുമടക്കം വെള്ളത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *