കൊല്ലം: അധ്യാപകനായും പ്രിൻസിപ്പലായും സ്ട്രക്ചറൽ എൻജിനീയറായും ടി.കെ.എം. എൻജിനീയറിംഗ് കോളേജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പ്രൊഫ. യു.സി. അഹമ്മദ് കുട്ടി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിനൊപ്പം നൂറിലേറെ പള്ളികളും മുപ്പതോളം സ്കൂളുകളും ഉൾപ്പെടെ അഞ്ഞൂറിലധികം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1966-ൽ ടി.കെ.എം. എൻജിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അഹമ്മദ് കുട്ടി, 15 ദിവസത്തിനകം അതേ കോളേജിൽ അധ്യാപകനായി തിരിച്ചെത്തി. 1971-ൽ കർണാടക റീജിയണൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ എം.ടെക് നേടി. 1992-ൽ ടി.കെ.എം. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി.
സ്ട്രക്ചറൽ എൻജിനീയറിംഗിലെ വൈദഗ്ധ്യവും കൃത്യതയുമാണ് അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ പ്രത്യേകത. പുസ്തകങ്ങളോ കുറിപ്പുകളോ ആശ്രയിക്കാതെ സങ്കീർണമായ കണക്കുകൾ മനക്കണക്കിലൂടെ ബോർഡിൽ അവതരിപ്പിച്ചിരുന്ന അധ്യാപകനെന്ന നിലയിൽ മുൻവിദ്യാർഥികളുടെ ഓർമയിൽ അദ്ദേഹം ഇന്നും നിറഞ്ഞുനിൽക്കുന്നു.
1972-ൽ ആരംഭിച്ച സ്ട്രക്ചറൽ കൺസൾട്ടൻസി പ്രവർത്തനവും അദ്ദേഹം തുടർന്നു. ടി.കെ.എം. ക്യാമ്പസിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ സാങ്കേതിക നേതൃത്വം നൽകിയതിനാൽ ‘ടി.കെ.എമ്മിന്റെ പെരുന്തച്ചൻ’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി. ഇന്റർനാഷണൽ ഹോസ്റ്റൽ, ട്രസ്റ്റ് ഹോസ്റ്റൽ, കോളേജ് പള്ളി തുടങ്ങിയ നിരവധി നിർമ്മിതികൾ അദ്ദേഹത്തിന്റെ സാങ്കേതിക മികവിന്റെ സാക്ഷികളാണ്.
2018-ലെ പ്രളയത്തെ തുടർന്ന് ടി.കെ.എം. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പാക്കിയ ‘ബാക്ക് ടു ഹോം’ പദ്ധതിയിലും അഹമ്മദ് കുട്ടിയുടെ സാങ്കേതിക ഇടപെടൽ നിർണായകമായി. മൺറോത്തുരുത്തിൽ വീടുനിർമാണത്തിന് മണ്ണിന്റെ കുറഞ്ഞ ഭാരവഹനശേഷി വെല്ലുവിളിയായപ്പോൾ ‘ഗ്രില്ലേജ് ഫൗണ്ടേഷൻ’ സാങ്കേതികവിദ്യയെക്കുറിച്ച് നേരിട്ട് പഠിക്കാൻ പാലക്കാട്ടെത്തി നിർമ്മാണ യൂണിറ്റ് സന്ദർശിക്കുകയും തുടർന്ന് സാങ്കേതിക നിർദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ വീട് വിജയകരമായി പൂർത്തിയാക്കുകയും പിന്നീട് പദ്ധതി വിപുലപ്പെടുകയും ചെയ്തു. പൂർവവിദ്യാർഥികളും സുമനസ്സുകളും ചേർന്ന് പദ്ധതിക്കായി രണ്ട് കോടിയിലേറെ രൂപ സംഭാവന നൽകിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കോളേജ് ഹോസ്റ്റലുകളുടെ ചുമതല ഏകദേശം 15 വർഷം വഹിച്ച അദ്ദേഹം അലുംമ്നി അസോസിയേഷൻ സെക്രട്ടറിയായും ഗവേണിംഗ് ബോഡി അംഗമായും പ്രവർത്തിച്ചു. കേരള, എം.ജി., കാലിക്കറ്റ് സർവകലാശാലകളിലെ വിവിധ അക്കാദമിക സമിതികളിലും അംഗമായി.
ടി.കെ.എം. എൻജിനീയറിംഗ് കോളേജിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷിയും പങ്കാളിയുമായിരുന്ന അഹമ്മദ് കുട്ടി നിലവിൽ എം.ഇ.എസ്. സ്ഥാപനങ്ങളുടെ നിർമ്മാണ കൺസൾട്ടന്റായും പ്രവർത്തിക്കുന്നു. ഭാര്യ ആയിഷ ഭൂപതി. മകൻ ആരിഫ് ബിസിനസ് രംഗത്തും മകൾ ഷംഷാദ് ഇറിഗേഷൻവകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനീയർ.
