തിരുവനന്തപുരം: പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘എസ്എഫ്‌ഐക്കാര്‍ തകര്‍ത്ത വാഹനമേതാണെന്ന് കാണിക്കട്ടെ. എസ്എഫ്‌ഐക്കാര്‍ കടന്നാക്രമിച്ചിട്ടില്ല. കല്ലും തീപ്പന്തവും ഹോസ്റ്റലിലേക്ക് എറിയുകയായിരുന്നു. ബോധപൂര്‍വ്വം ആസൂത്രണം ചെയ്തിട്ടായിരുന്നു ആക്രമണം നടത്തിയത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

കെഎസ്‌യുക്കാര്‍ ഹോസ്റ്റലിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊലീസിലെ രണ്ട് ക്രിമിനലുകള്‍ ആക്രമിച്ചു. കുട്ടികളെ തലയ്ക്കടിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി കടന്നാക്രമിക്കുകയായിരുന്നു. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉണ്ടാകും. ക്യാമ്പസുകളില്‍ വലിയ വിജയമാണ് എസ്എഫ്‌ഐ നേടിയിട്ടുള്ളത്. എസ്എഫ്‌ഐയെ തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ശ്രമിച്ചാല്‍ ചെറുക്കും. പരിക്കേറ്റവരെ ആംബുലന്‍സില്‍ കയറി വരെ ആക്രമിച്ചു. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് മന്ത്രിമാര്‍ അടക്കം ഇതിന് നേതൃത്വം നല്‍കി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *