പാലക്കാട്: സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഐഎം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുംവരെ മാറ്റിനിര്‍ത്താനാണ് പാര്‍ട്ടിയില്‍ ആലോചന. ഈ മാസം അവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും പരാതിയിൽ നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുക.

ഇതിനിടെ ഇ എന്‍ സുരേഷ് ബാബുവിനെ പാര്‍ട്ടി മാറ്റിയത് തന്നെയെന്ന് ആവര്‍ത്തിച്ച് എന്‍ എന്‍ കൃഷ്ണദാസ് രംഗത്തെത്തി. പ്രത്യേകമായ ഒരു കാര്യം വന്നപ്പോള്‍ യോഗം ചേര്‍ന്ന് സുരേഷ് ബാബുവിനെ മാറ്റിയതാണെന്നാണ് എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചത്. പരാതികള്‍ ലഭിച്ചാല്‍ സംഘടനാപരമായും നിയമപരമായും കൈകാര്യം ചെയ്യാനുള്ള ശേഷി സിപിഐഎമ്മിനുണ്ട്. പാര്‍ട്ടിക്ക് പരാതി നല്‍കിയാല്‍ പാര്‍ട്ടിയാണ് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുക. പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി ലഭിക്കുന്നത്. ജനങ്ങള്‍ക്ക് വിശ്വാസം ലഭിക്കുന്ന രീതിയില്‍ പരാതി കൈകാര്യം ചെയ്യുമെന്നും കൃഷ്ണദാസ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.

അതെസമയം സുരേഷ് ബാബുവിനെതിരെ വനിതാ അഭിഭാഷക പൊലീസില്‍ പരാതി നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഉചിതമായ നടപടിയില്ലങ്കില്‍ മാത്രം നിയമനടപടിയിലേക്ക് കടക്കാനാണ് നീക്കം. സുരേഷ് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *