തിരുവനന്തപുരം: കേരളത്തിൽ നവംബർ 6 വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആന്ധ്രാപ്രദേശിലെ ഓംഗോളിൽ കരതൊട്ട ‘മുറസു’ ചുഴലിക്കാറ്റിന്റെയും തെക്കൻ കേരളത്തിന് മുകളിലും മധ്യകിഴക്കൻ അറബിക്കടലിലുമായി നിലനിൽക്കുന്ന രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
ശക്തമായ മഴ കണക്കിലെടുത്ത് നവംബർ 3 ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നവംബർ 6 വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
