തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ പുതിയ ബാറുകൾക്ക് അനുമതി നൽകിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പ്രവർത്തിക്കുന്ന ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് രണ്ട് എഫ്എൽ 7 (FL 7) ലോഞ്ച് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച ഉത്തരവാണ് പുറത്തുവന്നത്. കഴിഞ്ഞ ജൂൺ 22-നാണ് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രി കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളത്തും കോട്ടയത്തും ബാറുകളുടെ ലൈസൻസ് തരം മാറ്റി നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന രീതിയിലുള്ള പരാമർശങ്ങൾ കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായതും വിയോജിപ്പിന് ഇടയാക്കിയിട്ടുണ്ട്. ഇതോടെ എക്സൈസ് കമ്മീഷണറെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്നാണ് വിവരം.
സർക്കാർ നയം അട്ടിമറിച്ച് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. ചട്ടങ്ങൾ അനുകൂലമാണെന്ന കാരണത്താൽ മാത്രം ലൈസൻസ് അനുവദിക്കാനാകില്ലെന്നും, ലൈസൻസ് ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
