കൊച്ചി : വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നേരത്തെ എട്ടുകേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. എന്നാല്‍, ഒരു കേസില്‍ മാത്രം കുറ്റപത്രം നല്‍കിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത് അങ്ങേയറ്റം ഗൗരവതരമാണെന്നും എല്ലാം കോടതി പറഞ്ഞിട്ടുവേണം ചെയ്യാനെങ്കിൽ ഈ നാട്ടില്‍ പൊലീസ് എന്തിനാണെന്നും കോടതി ചോദിച്ചു.

ഇത്തരത്തിലുള്ള പോക്ക് അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു. കേസുകളില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചപ്പോള്‍ കുറ്റപത്രം തയ്യാറാണെന്നും പ്രോസിക്യൂഷൻ അനുമതി മാത്രമാണ് ഇനി ആവശ്യമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം. എന്നാല്‍, ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഒരു കുറ്റപത്രം മാത്രമാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. ഇതോടെയാണ് രൂക്ഷമായ വിമര്‍ശനം കോടതിയില്‍ നിന്നുയര്‍ന്നത്.

2003 മുതല്‍ 2024 വരെ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. അതിനിടെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഞാന്‍ പ്രതിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കേസ് അതിന്റെ വഴിക്ക് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

ഒരു കേസിൽ പോലും എനിക്കെതിരെ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും മൈക്രോ ഫിനാസ് കേസിൽ കുറ്റപത്രത്തിൽ ഞാൻ പ്രതിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ പ്രതി ചേർക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *