യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്.യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം.

എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിർദേശം. അനുദിനം സാഹചര്യങ്ങൾ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് എംബസി അടിയന്തര അറിയിപ്പ് നൽകിയത്. യുക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണം.

എന്നാൽ യുക്രൈനിലുള്ള ഇന്ത്യൻ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാർ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *