റഷ്യ യുക്രൈൻ യുദ്ധത്തിൽ തന്‍റെ മുന്‍ നിലപാട് തിരുത്തിയ ഡൊണാല്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ കടന്നാക്രമിച്ചു . വ്ലാഡമിര്‍ പുടിനും റഷ്യയ്ക്കെതിരെയും നിലപാട് എടുക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് 2022 വില്‍ സംസാരിക്കുകയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ്.

ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നുവെന്നും ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പരിഹസിച്ചു. റഷ്യയ്ക്ക് ആക്രമിക്കാനുള്ള അവസരം ഒരിക്കലും ഒരുക്കാന്‍ പാടില്ലായിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ട്രംപ് പ്രസ്താവിച്ചു. യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്.

പുടിനുമായി തനിക്ക് സൌഹൃദം ഉണ്ടെന്നും അതിനാല്‍ തന്നെ ഇത്തരം ഒരു ആക്രമണം നടക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.

എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയില്‍ നിന്നും തീര്‍ത്തും വിരുദ്ധമായാണ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് 2022 ല്‍ ട്രംപ് പ്രസ്താവന നടത്തിയത്. യുക്രൈന്റെ കിഴക്കന്‍ ഭാഗത്തെ രണ്ട് മേഖലകള്‍ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *