എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊണ്ടുവന്ന ആനയെ ലോറിയില് നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടറിടിച്ചത് കണ്ട് വിരണ്ടോടി കരിവീരന്‍. സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം.
നിരവധി ആളുകളാണ് ആനയെ ലോറിയില് നിന്ന് ഇറക്കുന്നത് കാണാനായി ഇവിടെ തടിച്ച് കൂടിയിരുന്നത് ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്കൂട്ടര്‍ ആനയുടെ കാലിലെ ചങ്ങല നേരെയാക്കുകയായിരുന്ന പാപ്പാനെ ഇടിച്ചത് . ആനയുടെ കാലിന് സമീപത്ത് കൂടിയാണ് സ്കൂട്ടര്‍ ഇരച്ചെത്തിയത്. പാപ്പാന്‍ നിലത്ത് വീണതോടെ ബഹളമായി.
ഇതിനിടയിലാണ് ആനപ്പുറത്ത് കയറിയ ആളുമായി കണ്ണന്‍ വിരണ്ടോടിയത്. റോഡിന് നടുവില്‍ പെട്ടന്ന് ആനയെ കണ്ട് യുവതി ഭയന്നതാണ് സ്കൂട്ടറിന്‍റെ നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് സൂചന. വിരണ്ടോടിയ ആനയെ വേഗത്തില്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചത് മൂലം വലിയ ആപകടമാണ് ഒഴിവായത്.
