ഗോവയിൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം പ്രതീക്ഷിച്ച ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ച് കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. കിരീടത്തോളം പോന്ന റണ്ണറപ്പുമായി മഞ്ഞപ്പടക്ക് മടങ്ങേണ്ടി വന്നു. .
മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം ചൂടിയത്.

നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപ്പി . ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്.

രണ്ടാംപകുതി ബ്ലാസ്റ്റേഴ്സിന്റെ കോര്‍ണറിലൂടെയാണ് കളി തുടങ്ങിയത്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പതറിയില്ല. 68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സ്വപ്ന മുഹര്‍ത്തമെത്തി. പ്രതിരോധത്തില്‍ നിന്ന് ജീക്സണ്‍ സിങ് നീട്ടിനല്‍കിയ പന്തുമായി രാഹുല്‍ മുന്നേറി. അനായാസം പ്രതിരോധക്കാരെ വെട്ടിമാറ്റി ഇരുപത്തഞ്ച് വാര അകലെനിന്ന് രാഹുല്‍ ഷോട്ട് തൊടുത്തു. ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കണക്കുക്കൂട്ടല്‍ തെറ്റി. കൈയ്യില്‍നിന്ന് പന്ത് വഴുതി.

88-ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പമെത്തി. സഹില്‍ ടവോരയുടെ ലോങ്റേഞ്ച് ലക്ഷ്യത്തിലെത്തി. നിശ്ചിതസമയം അവസാനിക്കവേ ഇരുടീമുകളും തുല്യത പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും സ്‌കോര്‍ തുല്യമായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.

Leave a Reply

Your email address will not be published. Required fields are marked *