കെ.എസ്.ആര്‍.ടി.സിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത ബസുകള്‍ കൂട്ടിയിട്ട് നശിപ്പിച്ച കെഎസ്ആര്‍ടിസി നടപടിയെയാണ് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തത്. .

മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരില്‍ ബസുകള്‍ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല എങ്കില്‍ വിറ്റു കൂടെ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

ബസുകള്‍ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

നിലവില്‍ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതില്‍ 681 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ്. 10 വര്‍ഷം മുതല്‍ 19 വര്‍ഷം വരെ സര്‍വീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ വിപണി വിലയ്ക്ക് കെ.എസ്.ആര്‍.ടി.സിയ്ക്ക് എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജ്യത്തെ മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് പോലെ കെ.എസ്.ആര്‍.ടി.സിക്കും ഡീസല്‍ അനുവദിച്ചാല്‍ മതി എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *