നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നിർമിച്ച വിശ്വരൂപം ശില്പം കാണാനായി താരം എത്തി. ശില്പം കണ്ടിഷ്ടപ്പെട്ട മോഹൻലാൽ അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിൽമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്.മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുള്ള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരത്തിലുള്ള വിശ്വരൂപത്തിലുള്ളത്. മഹാഭാരത യുദ്ധം തുടങ്ങാനുള്ള സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പം തയ്യാറാക്കിയിട്ടുള്ളത്. നടന്റെ ആഗ്രഹപ്രകാരമായിരുന്നു കുമ്പിൾ തടിയിൽ ശില്പം പണിതത്. അരക്കോടി രൂപയാണ് ശില്പത്തിന്റെ വില.കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. ലോകത്തുള്ള എല്ലാവരും തനിക്കുവേണ്ടിയുള്ള ശില്പം പത്രമാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ‘അപ്പോ ഞാനും ഒന്നു കാണണ്ടേ’ മോഹൻലാൽ ചിരിച്ചുകൊണ്ട് ശില്പി വെള്ളാർ നാഗപ്പനോടു പറഞ്ഞു. തുടർന്ന് ശില്പത്തിനൊപ്പവും ശില്പിയെ കൂട്ടിയും ചിത്രങ്ങളെടുത്താണ് മടങ്ങിയത്.11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *