എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ. അധികം വൈകാതെ തന്നെ പിടികൂടാന്‍ കഴിയുമെന്നും പ്രതിയെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു.

അക്രമി ഒരാള്‍ മാത്രമാണെന്നാണ് സിസിടിവി ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ബോംബെറിഞ്ഞ അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോംബെറിഞ്ഞശേഷം അക്രമി കുന്നുകുഴി ജംഗ്ഷനില്‍ എത്തി ലോ കോളേജ് ഭാഗത്തേക്ക് പോയി എന്നാണ് വരമ്പശ്ശേരി ജംഗ്ഷനിലെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.ഇത് അന്വേഷണത്തിന് ഏറെ സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. വ്യക്തമായ ദൃശ്യങ്ങള്‍ക്കുവേണ്ടി പ്രദേശത്തെയും സമീപ സ്ഥലങ്ങളിലെയും കൂടുതല്‍ സി സി ടി വികള്‍ പൊലീസ് പരിശോധിക്കുകയാണ്.

അതീവ ഗൗരവമുളള സംഭവമായതിനാല്‍ കമ്മീഷണറും എഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നേരിട്ടാണ് പരിശോധനകള്‍ നടത്തുന്നത്. ആക്രമണം നടത്തിയതിന് സ്‌കൂട്ടറില്‍ എത്തിയ അജ്ഞതനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *