രാജ്യത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ രാജ്യം വിടാന്‍ ശ്രമിച്ച് ശ്രീലങ്കന്‍ മുന്‍ മന്ത്രി ബേസില്‍ രാജപക്സെ. എന്നാല്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ബേസില്‍ രാജപക്സയെ തടഞ്ഞു. വിമാനത്തില്‍ അമേരിക്കയിലേക്ക് കടക്കാനായിരുന്നു മുന്‍മന്ത്രിയുടെ പദ്ധതി. എന്നാല്‍ ഇദ്ദേഹത്തെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും അനുവദിച്ചില്ല. തുടര്‍ന്നാണ് ബേസില്‍ രാജപക്സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

രാജ്യം വിടാനായി വിമാനത്താവളത്തില്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ രഹസ്യമായി എത്തിയതോടെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ജീവനക്കാര്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ആരംഭിക്കുകയും മുദ്രാവാക്യം വിളികളുയരുകയും ചെയ്തു.

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ കൂടി പ്രതിഷേധത്തില്‍ പങ്കെടുത്തതോടെ ബേസിലിന് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. രാജപക്സെ കുടുംബത്തിനെതിരെ ശ്രീലങ്കയില്‍ വന്‍ ജനരോഷമാണ് നിലനില്‍ക്കുന്നത്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ആദ്യഘട്ടത്തിലാണ് ജൂണില്‍ ബേസില്‍ രാജപക്സെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ധനകാര്യമന്ത്രിസ്ഥാനവും ബേസില്‍ രാജിവെച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ദുരവസ്ഥയില്‍ തനിക്കൊരു ഉത്തരവാദിത്തവുമില്ല, താന്‍ ധനകാര്യ മന്ത്രിയാകുമ്പോള്‍ തന്നെ ഈ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. രാജപക്സൈ കുടുംബത്തിലെ ഇളയ സഹോദരനമാണ് ബേസില്‍ രാജപക്സൈ.

Leave a Reply

Your email address will not be published. Required fields are marked *