നടൻ സൽമാൻ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു.നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ പോലീസ് സൂപ്പർതാരത്തിന് തോക്ക് ലൈസൻസ് അനുവദിച്ചത്. ജൂലൈ 22-നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ സൽമാൻ ഖാൻ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തത്.ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
അതേസമയം ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധർ പറയുന്നത്.പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി.
