മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.കൂടെ പിറന്നിട്ടില്ലെങ്കിലും കര്‍മം കൊണ്ട് തന്റെ സഹോദരനാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം.ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് താരങ്ങളും ആരാധകരുംഉൾപ്പെടെ നിരവധിയാളുകൾ ആശംസകളുമായി രംഗത്ത് എത്തി

Leave a Reply

Your email address will not be published. Required fields are marked *