കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനവും സേവനവും ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ യുടെ കോഴിക്കോട് റൂറല്‍ റീജിയണല്‍ ഓഫീസും നവീകരിച്ച താമരശ്ശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ യുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. യുവാക്കളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും ഇക്കാര്യങ്ങള്‍ ആദ്യപടിയിലാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ സഹായിക്കാന്‍ കഴിയുന്ന ഇത്തരം കൂടുതല്‍ പദ്ധതികളില്‍ സജീവമാകുമെന്നും സംസ്ഥാനത്ത് കെ.എസ്.എഫ് ഇയുടെ ബ്രാഞ്ചുകള്‍ ആയിരമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ കെ.കെ മഞ്ജിത, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എം.ഡി സുബ്രഹ്മണ്യന്‍ വി.പി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.എസ്.എഫ്.ഇ മൈക്രോ ശാഖ വെള്ളിമാടുകുന്നിൽ പ്രവർത്തനമാരംഭിച്ചു

കെ.എസ്.എഫ്.ഇ കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലിൽ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ സ്വർണ്ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ തരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാക്കും. കെ.എസ്.എഫ്.ഇ 52 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകൾ ആരംഭിക്കുന്നത്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്‌ മുഖ്യാതിഥിയായി. മുഴിക്കൽ ഡിവിഷൻ കൗൺസിലർ ഹമീദ് എം.പി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ സ്വാഗതവും മാനേജിങ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ
നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *