തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി സമാന്ത.തന്റെ രോഗാവസ്ഥയെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളെക്കുറിച്ചും പുതിയ ചിത്രം യശോദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.രോ​ഗം അതിജീവിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും കണ്ണുനിറഞ്ഞ് കൊണ്ട് സാമന്ത പറഞ്ഞു
‘‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്നു വന്നോ എന്ന് അദ്ഭുതം തോന്നും. അതെ, ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.

എന്റെ ഈ രോഗം ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല.

ചില ദിവസങ്ങളിൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. അത്തരം ദിവസങ്ങൾ പതിയെ കൂടി വന്നു. ഇപ്പോൾ മൂന്നു മാസമായി.

ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങൾ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോ​ഗിച്ചില്ലെങ്കിൽ കുഴപ്പമില്ല. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല.’’ – സമാന്ത പറഞ്ഞു .

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.നിലവിൽ ‘യശോദ’ എന്ന സിനിമയാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. നവംബർ 11ന് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രമെത്തുക. ഉണ്ണി മുകുന്ദനും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *