ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈക്കോടതി.കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അഴിമതി ആരോപണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പു സെക്രട്ടറിയടക്കം കോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.പിപിഇ കിറ്റ് വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ അറിയണം. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വാദം പൂര്‍ത്തിയായ ഹര്‍ജി, കോടതി വിധി പറയാനായി മാറ്റി.

കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകളും കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മറ്റ് മെഡിക്കല്‍ വസ്തുക്കളും വാങ്ങിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവായ വീണ എസ്. നായരാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ലോകായുക്ത ഈ പരാതി സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജന്‍ ഖൊബ്രഗഡെ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *