ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ കണ്ട് താന്‍ ഞെട്ടിക്കരഞ്ഞു പോയെന്ന് മല്ലിക സുകുമാരൻ.സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും. തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല, ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. – താരം കൂട്ടിച്ചേർത്തു. സിനിമ എങ്ങനെയുണ്ട് എന്നറിയാൻ നോവൽ വായിച്ചവർക്കെല്ലാം ആ​ഗ്രമുണ്ടെന്നും ചിത്രം വേ​ഗം റിലീസ് ചെയ്യട്ടെ എന്നും മല്ലിക പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2018 ഫെബ്രുവരിയിൽ ആണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും
2022 ഏപ്രില്‍ 14ന് പുനരാരംഭിക്കുക ആയിരുന്നു. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *