മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനെത്തുടർന്ന് കിലിയന്‍ എംബാപ്പെയെ ദേശീയ ടീമിന്റെ നായകനായി തെരെഞ്ഞെടുത്തു. ഫ്രഞ്ച്‌ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടായേക്കും.

2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു.ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതിനെ ശേഷം കഴിഞ്ഞ ജനുവരിയിലാണ് ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

2022 ലോകകപ്പിൽ മാസ്മരിക പ്രകടനമായിരുന്നു എംബാപ്പയുടേത്. ഫ്രാൻസ് ലോകകപ്പ് ഫൈനലിലെത്തിയത് എംബാപ്പയുടെ ഗോൾ മികവിലായിരുന്നു. ഫൈനലിൽ അർജന്റീനക്കെതിരെ പരാജയപ്പെട്ടെങ്കിലും എംബാപ്പെ ഹാട്രിക് നേടി ആരാധകരുടെ മനം കവർന്നു. എട്ടുഗോളുകളോടെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയാണ് സൂപ്പര്‍താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. 2018 ല്‍ ലോകകപ്പ് ജേതാവായ എംബാപ്പെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 36 ഗോളുകളും നേടിയിട്ടുണ്ട്.

ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ. ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ 2024 യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ എംബാപ്പെ നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *