ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവമെന്നറിയപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് അൻപതാം പിറന്നാൾ.
മറാത്തി കവിയും നോവലിസ്റ്റും കോളജ് അധ്യാപകനുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറുടെയും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായി 1973 ഏപ്രില്‍ 24-ന് മുംബൈയിലെ ബാന്ദ്രയിലാണ് സച്ചിൻ ജനിക്കുന്നത്. സച്ചിന്റെ അച്ഛനായ രമേശ് തെണ്ടുൽകറിന് സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മനോടുള്ള ആരാധന കാരണമാണ് മകന് ആ പേരിട്ടത്.
1988 ൽ വിനോദ് കാംബ്ലിക്കൊപ്പം തീർത്ത 664 റൺസിന്റെ കൂട്ടുകെടാണ് സച്ചിൻ ടെണ്ടുൽക്കറെ ക്രിക്കറ്റിന്റെ മായാ ലോകത്തേക്ക് എത്തിച്ചത്. ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ പേസ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നീസ് ലില്ലിയാണ് ബാറ്റിങ്ങിലേക്ക് തിരിച്ചുവിട്ടത്. സച്ചിന്റെ വിക്കറ്റുകള്‍ വീഴ്ത്തുന്നവര്‍ക്ക് ഓരോ രൂപ സമ്മാനം പ്രഖ്യാപിച്ച് രമാകാന്ത് അച്‌രേക്കര്‍ ആ ബാറ്റിങ് പ്രതിഭയെ വിളക്കിയെടുത്തു.
1988 ഡിസംബര്‍ 11-ന് ഗുജറാത്തിനെതിരേ സെഞ്ചുറി നേടിക്കൊണ്ട് റെക്കോഡുകളുടെ കളിക്കളത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റമത്സരങ്ങളില്‍ സെഞ്ചുറി.
1989 ൽ തന്റെ പതിനാറാമത്തെ വയസിലാണ് സച്ചിൻ പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോർഡ് ഇത് വരെ ആരും തകർത്തിട്ടില്ല.
1988 ൽ തുടങ്ങി 2013-ല്‍ മുംബൈയിലെ വാംഖഡെയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ പാഡ് അഴിക്കുന്നതിനിടയിലെ 24 വര്‍ഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മുഹൂർത്തവും സച്ചിന്റെ പേരെഴുതാതെ പോയിട്ടില്ല.
കോഴ വിവാദത്തിൽപ്പെട്ട ടീമിനെ അതിൽ നിന്ന് രക്ഷിച്ചെടുത്തിയത് സച്ചിന്റെ പങ്ക് വളരെ വലുതാണ്.
സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള കൂട്ടുകാരെ കിട്ടിയതോടെ സച്ചിന്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു. ഇന്ത്യയിൽ ക്രിക്കറ്റ് മതവും, സച്ചിൻ ദൈവവുമായി മാറിയത് വളരെ പെട്ടെന്നാണ്.
2010 ഫെബ്രുവരി 24 ന് സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന മത്സരത്തിൽ 200 നേടിക്കൊണ്ട് ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടുന്ന താരമായി സച്ചിൻ. 2011 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായി. തൊട്ടടുത്ത വര്‍ഷം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടി കരിയറില്‍ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന അനുപമനേട്ടം സച്ചിന്‍ കൈവരിച്ചു.
16-ാം വയസില്‍ അരങ്ങേറി 24 വര്‍ഷക്കാലത്തോളം ആ 22 വാര ദൂരത്തിനിടയില്‍ ചെലവിട്ട് ഒടുവില്‍ 2013-ല്‍ തന്റെ ഇഷ്ട കായിക ഇനത്തോട് സച്ചിൻ വിട പറഞ്ഞു.
