തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് മുക്കംഫയർ ഫോഴ്സ്.കോഴിക്കോട് മുക്കം കൊടിയത്തൂർ ചെറുവാടികടവിലാണ് വീരാൻകുട്ടിയെന്ന തൊഴിലാളി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങിയത്.
തേങ്ങയിടുന്നതിനിടെ വീരാൻ കുട്ടിയുടെ തലയിൽ തേങ്ങ വീഴുകയായിരുന്നു. അതോടെ തെങ്ങുകയറ്റ മെഷീനിൽ നിന്ന് കാൽവഴുതി തലകീഴായി തെങ്ങിൽ കിടക്കുകയായിരുന്നു. മറ്റൊരു തൊഴിലാളി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീരാൻകുട്ടിയെ തെങ്ങുമായി ചേർത്ത് കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് സംഘം 40 അടി ഉയരത്തിലുള്ള തെങ്ങിൽ ലാഡർ ഉപയോഗിച്ച് കയറിയ ശേഷം നെറ്റിന്റെ സഹായത്തോടുകൂടിയാണ് വീരാൻകുട്ടിയെ താഴെയിറക്കിയത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
