സിജു വില്‍സണിനെ നായകനാക്കി പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന്റെ റിലീസിന് തിയറ്റര്‍ തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് വിനയന്‍. എത്ര കാത്തിരിക്കേണ്ടി വന്നാലും പത്തൊമ്പതാം നൂറ്റാണ് തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുക എന്ന് വിനയൻ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുക എന്നത് ഉള്ളത് കൊണ്ട് ഉള്ളത് പോലെ തൃപ്തിയാവുക എന്ന അവസ്ഥയാണെന്നും വിനയന്‍ ഫേസ്്ബുക്കില്‍ കുറിച്ചു.

വിനയന്റെ വാക്കുകള്‍:

‘പത്തൊന്‍പതാം നൂറ്റാണ്ട്’ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചു.വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്‌സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ. വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂര്‍ണ്ണ ആസ്വാദനത്തിലെത്തു.

ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളും ഒക്കെയുള്ള പത്തൊന്‍പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളില്‍ മാത്രമേ റിലീസു ചെയ്യു എന്ന തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാര്‍ നേടിയെടുത്തതില്‍ തീയറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാര്‍ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം.’

Leave a Reply

Your email address will not be published. Required fields are marked *